Previous FrameNext Frame

08.05.2017

നീറ്റ് പരീക്ഷയുടെ ഭാഗമായി വിദ്യാർത്ഥിനികളുടെ വസ്ത്രം അഴിച്ചു പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കണ്ണൂരിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ പരീക്ഷയ്ക്ക് വന്ന വിദ്യാർത്ഥിനികൾക്കാണ് അപമാനമേൽക്കുന്ന തരത്തിൽ പരിശോധനയ്ക്ക് വിധേയമാകേണ്ടിവന്നത്. നീറ്റ് പരീക്ഷയുടെ നിബന്ധനകളുടെ പേര് പറഞ്ഞ് വിദ്യാർത്ഥിനികളെ പീഢിപ്പിക്കുന്നത് അനുവദിക്കാനാവില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ട അധികാരികൾ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

10.04.2017

ആലപ്പുഴ വെള്ളപ്പാള്ളി നടേശൻ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ മാനേജ്‌മെന്റ് പീഡനത്തെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതിൽ പ്രതിഷേധിച്ച് മാർച്ച് നടത്തിയ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി വിജിൻ അടക്കമുള്ള നേതാക്കന്മാർക്കുനേരെ മാനേജ്‌മെന്റ് ഏർപ്പെടുത്തിയ ഗുണ്ടകൾ നടത്തിയ അക്രമത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വെള്ളാപ്പള്ളി കോളേജിലെ രണ്ടാം വർഷ മെക്കാനിക്കൽ വിദ്യാർത്ഥിയായ ആർഷ് രാജ് ആണ് മാനേജ്‌മെന്റിന്റെ ക്രൂരപീഢനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബിഡിജെഎസ് നേതാവ് സുഭാഷ് വാസു ചെയർമാനായിട്ടുള്ള മാനേജ്‌മെന്റ് ആണ് കോളേജ് ഭരണം നടത്തുന്നത്. വിദ്യാർത്ഥികൾക്കുനേരെ നടക്കുന്ന മാനേജ്‌മെന്റിന്റെ പീഢനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് കോളേജിലേക്ക് പ്രകടനം നടത്തിയ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി വിജിൻ അടക്കമുള്ള ആൾക്കാരെ ഗുണ്ടകളെ ഉപയോഗിച്ച് അക്രമിക്കുകയാണ് മാനേജ്‌മെന്റ് ചെയ്തത്. കേരളത്തിലെ സ്വാശ്രയ കോളേജുകൾ വിദ്യാർത്ഥി പീഢനങ്ങളുടെ കേന്ദ്രമാക്കാൻ ഒരു മാനേജ്‌മെന്റിനെയും അനുവദിക്കില്ല. വിദ്യാർത്ഥി വിരുദ്ധ നടപടികൾ അവസാനിപ്പിക്കാൻ കോളേജ് അധികൃതർ തയ്യറാകണം. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി വിജിൻ അടക്കമുള്ളവരെ അക്രമിച്ച ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറാകണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

07.04.2017

അന്യായമായ സർവ്വീസ് ചാർജ് പിൻവലിക്കുക, ജനകീയ ബാങ്കിംഗ് സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി ഏപ്രിൽ 10 തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ എസ്.ബി.ഐ ഓഫീസിലേക്ക് മാർച്ച് നടത്തും. പുതിയ സാമ്പത്തിക വർഷം ആരംഭിച്ച ഏപ്രിൽ ഒന്നുമുതൽ എല്ലാവിധ ബാങ്ക് സേവനങ്ങൾക്കും സർവ്വീസ് ചാർജ്ജ് ഈടാക്കുകയാണ്. ബാങ്കിൽ പണം നിക്ഷേപിക്കുന്നതിനും ബാലൻസ് പരിശോധിക്കുന്നതിനും ചാർജ് ഈടാക്കുന്നു. എടിഎമ്മിന്റെ തകരാറുമൂലം പണം എടുക്കാൻ കഴിഞ്ഞില്ലെങ്കിലും ആവശ്യമായ പണം എടിഎം കൗണ്ടറിൽ ഇല്ലെങ്കിലും സർവ്വീസ് ചാർജ്ജ് ഈടാക്കുകയാണ്. അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കുന്നതിന്റെ പരിധി വർദ്ധിപ്പിച്ചു. ബാങ്ക് നിശ്ചയിച്ച തുക ബാലൻസ് ആയില്ലെങ്കിൽ പിഴ നൽകേണ്ട സ്ഥിതിയാണ്. ഇത്തരത്തിൽ ബാങ്കിന്റെ ജനകീയ സ്വഭാവം തകർക്കുന്ന നിലപാടാണ് എസ്.ബി.ഐ സ്വീകരിക്കുന്നത്.

കേരളത്തിന്റെ വ്യവസായ-കാർഷിക-വിദ്യാഭ്യാസ മേഖലകളിലെല്ലാം മികച്ച സേവനമാണ് എസ്ബിടി നൽകി വന്നിരുന്നത്. എന്നാൽ അതെല്ലാം എസ്ബിഐയിൽ ലയിക്കുന്നതോടുകൂടിതന്നെ ഇല്ലാതായിരിക്കുകയാണ്. ഇതൊന്നും കൂടാതെയാണ് ലയനത്തോടുകൂടി എസ്.ബി.ടിയുടെ ഉപഭോക്താക്കളും എസ്.ബിഐയുടെ ഈ കൊള്ളയ്ക്ക് ഇരയായിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധവും കോർപ്പറേറ്റ് പ്രീണന നിലപാടുമാണ് ഇത്തരത്തിലുള്ള നടപടികൾക്ക് കാരണം. സാധാരണക്കാരായ ബാങ്ക് ഇടപാടുകാരെ ദ്രോഹിക്കുന്ന നടപടി സ്വീകരിക്കുകയും അതോടൊപ്പം തന്നെ ആയിരക്കണക്കിന് കോടി രൂപ ബാങ്കിന് നൽകാനുള്ള വൻകിട മുതലാളിമാരുടെ കടം എഴുതിത്തള്ളുകയുമാണ്. ജനങ്ങളെ കൊള്ളയടിക്കുന്ന നടപടിയിൽനിന്നും എസ്.ബി.ഐ പിന്മാറണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധത്തിൽ എല്ലാ ജനാധിപത്യവിശ്വാസികളും അണിനിരക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

06.04.2017

ആലപ്പുഴയിൽ പ്ലസ്ടു വിദ്യാർത്ഥിയെ ആർ.എസ്.എസ് ക്രിമിനലുകൾ കൊലപ്പെടുത്തിയത് സംബന്ധിച്ച് വിശദമായ അന്വഷണം നടത്തി മുഴുവൻ പ്രതികളെയും പിടികൂടണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വയലാറിലെ ക്ഷേത്രത്തിൽ നടന്ന ഉത്സവത്തിനെടയാണ് 17 വയസ്സുകാരനായ അനന്തുവിനെ മർദിച്ചു കൊലപ്പെടുത്തിയത്. മദ്യ മയക്കമരുന്ന് സംഘങ്ങൾക്ക് എല്ലാവിധ ഒത്താശയും ചെയ്തു കൊടുത്ത് അക്രമം അഴിച്ചുവിടുകയാണ് ആർ.എസ്.എസ്. ചെറുപ്രായത്തിൽ തന്നെ കുട്ടികളെ മയക്കമരുന്നിന് അടിമകളാക്കി ഗുണ്ടാകൊട്ടേഷൻ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന രീതിയാണ് ഇവർ നടപ്പിലാക്കുന്നത്. ഈ സംഘത്തിന്റെ കെണിയിൽ നിന്ന് മോചനം നേടാൻ ശ്രമിച്ചാൽ ഉത്സവ പറമ്പിലും മറ്റും ആസൂത്രിതമായി സംഘർഷങ്ങൾ സൃഷ്ടിച്ച് കൊലപ്പെടുത്തുന്ന രീതിയാണ് ഇവർ സ്വീകരിക്കുന്നത്. ആലപ്പുഴയിൽ ഇത്തരത്തിലുള്ള സമാന സംഭവങ്ങൾ ആവർത്തിക്കുകയാണ്. ഇത് അനുവദിക്കാൻ കഴിയില്ല. ആർ എസ് എസിന്റെ കൊലപാതക രീഷ്ട്രീയത്തെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒറ്റപ്പെടുത്തണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.