Previous FrameNext Frame

18.05.2017

മലയാളികളുടെ അഭിമാന താരമായ സി.കെ.വിനീതിനെ ഏജീസ് ഓഫീസിലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട നടപടി പ്രതിഷേധാർഹമാണെന്ന്ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ദേശീയ ടീമിലും ഐ ലീഗിലും വിനീത് കളിക്കുന്നുണ്ട്. ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരമാണ്. സ്‌പോർട്‌സ് ക്വാട്ടയിൽ ജോലിയിൽ പ്രവേശിച്ച വിനീത് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനാൽ ഓഫീസിൽ വരുന്നില്ല എന്ന കാരണംകൊണ്ടാണ് ഏജീസ് ഓഫീസിൽനിന്നും പിരിച്ചുവിട്ടിട്ടുള്ളത്. ഇന്ത്യയിലെ മികച്ച ഫുട്‌ബോളറായ അദ്ദേഹത്തിന്് പിന്തുണ കൊടുക്കേണ്ടതിനു പകരം പിരിച്ചുവിടുന്ന സമീപനം സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം തീരുമാനങ്ങൾ വളർന്നുവരുന്ന താരങ്ങളെ നിരാശയിലാക്കും. ഈ തെറ്റായ നടപടി തിരുത്താൻ അധികാരികൾ തയ്യാറാകണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

16.05.2017

മലയാളികളുടെ അഭിമാന താരമായ സി.കെ.വിനീതിന്റെ ജോലിയുടെ കാര്യത്തിൽ അടിയന്തിരമായ ഇടപെടൽ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സ്ഥാന സംപ്രസിഡന്റ് എ.എൻ.ഷംസീർ എം.എൽ.എ കായിക വകുപ്പുമന്ത്രി എ.സി.മൊയ്തീന് കത്ത് നൽകി. തിരുവനന്തപുരം ഏജീസ് ഓഫീസിലെ ജീവനക്കാരനായ വിനീതിനെ ജോലിയിൽ നിന്നും പിരിച്ചുവിടാൻ പോകുന്നതായുള്ള വാർത്തകൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഉണ്ടാകുന്നതിനായി കത്ത് നൽകിയത്.

11.05.2017

ബാങ്ക് സേവനങ്ങൾക്ക് അമിത സർവ്വീസ് ചാർജ് ഈടാക്കികൊണ്ട് ജനങ്ങളെ കൊള്ളയടിക്കുന്ന തീരുമാനത്തിൽ നിന്ന് എസ്.ബി.ഐ പിൻമാറണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജൂൺ 1 മുതൽ എല്ലാ എ.ടി.എം സേവനങ്ങൾക്കും 25 രൂപ ഈടാക്കാനും ഒപ്പംതന്നെ വിവിധ സേവനങ്ങൾക്കും സർവ്വീസ് ചാർജ് ഏർപ്പെടുത്തിയിരിക്കുകയാണ് എസ്.ബി.ഐ. കഴിഞ്ഞ ഏപ്രിൽ 1 മുതൽ ഉപഭോക്താക്കൾക്കുമേൽ പുതിയ സർവ്വീസ് ചാർജുകൾ ഈടാക്കിയിരുന്നു. അതിനുപുറമെയാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന ചാർജുകൾ. അധ്വാനിച്ചുണ്ടാക്കുന്ന പണത്തിന്റെ നല്ലൊരുവിഹിതം ബാങ്കിന് സർവ്വീസ് ചാർജായി കൊടുക്കേണ്ട സ്ഥിതിയിലാണ് ജനങ്ങൾ. സാധാരണക്കാർക്ക് ബാങ്കിനെ അപ്രാപ്യമാക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നത്. എന്നാൽ കോർപ്പറേറ്റുകൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കികൊടുക്കുന്നുമുണ്ട്. സാധാരണക്കാരോട് യാതൊരുവിധ പ്രതിബദ്ധതയും കാണിക്കാത്ത ബിജെപി സർക്കാരിന്റെ ജനദ്രോഹ നയങ്ങളുടെ ഭാഗമാണ് ഈ തീരുമാനവും. ജനങ്ങളെ കൊള്ളയടിക്കുന്ന തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

09.05.2017

വിദ്യാർത്ഥിനികളുടെ വസ്ത്രം അഴിച്ചു പരിശോധന നടത്തിയ കണ്ണൂർ കുഞ്ഞിമംഗലത്തെ ടിസ്‌ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നാല് അധ്യാപകരെ ഡി.വൈ.എഫ്.ഐ പ്രതിഷേധത്തെ തുടർന്ന് സ്‌കൂൾ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തു. നീറ്റ് പരീക്ഷയ്ക്ക് വന്ന വിദ്യാർത്ഥിനികൾക്കാണ് അപമാനമേൽക്കുന്ന തരത്തിലുള്ള പരിശോധനയ്ക്ക് വിധേയമാകേണ്ടിവന്നത്. ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗം പി.പി.ദിവ്യയുടെ നേതൃത്വത്തിൽ ഇന്ന് സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തുടർന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ മാനേജ്‌മെന്റുമായി നടത്തിയ ചർച്ചയുടെ ഭാഗമായി വിദ്യാർത്ഥിനികളെ പരിശോധിച്ച ഷീജ, സഫീന, ബിന്ദു, ഷാഹിന എന്നീ അധ്യാപകരെ അന്വേഷണവിധേയമായി സസ്‌പെന്റ് തീരുമാനിച്ചതായി മാനേജർ രേഖാമൂലം ഉറപ്പുനൽകി. പ്രതിഷേധമാർച്ചിൽ സംസ്ഥാനകമ്മിറ്റിയംഗം എം.വി.രാജീവൻ, കണ്ണൂർ ജില്ലാകമ്മിറ്റിയംഗങ്ങളായ കെ.വി.സന്തോഷ്, വരുൺ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.